കാസർകോട്: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചന്ദേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശിയും നീർച്ചാൽ തൈവളപ്പില്‍ താമസക്കാരനുമായ വൈ. ബൈജു (41)നെതിരെ കേസെടുത്തു. എസ്ഐ വിഷ്ണു എസ്. നായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ പോലീസ് സൂപ്രണ്ട് നിധിൻ രാജിന്റെ നിർദ്ദേശപ്രകാരം ചന്ദേര പോലീസ് സ്റ്റേഷനില്‍ നിലവില്‍ പൊലീസുകാരനാത ബൈജുവിനെതിരെ നടപടി സ്വീകരിച്ചു.
ഈ മാസം 8 നാണ് സംഭവം നടന്നത്. അന്ന് ബൈജു ഡ്യൂട്ടിയിലായിരുന്നു. സ്റ്റേഷന് സമീപം താമസിക്കുന്ന ഒരു അന്യ സംസ്ഥാന തൊഴിലാളിക്ക് കളഞ്ഞു കിട്ടിയ 10,000 രൂപ വിലയുള്ള ഒരു റെഡ്മി മൊബൈൽ ഫോൺ സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. ഉടമയെ കണ്ടെത്താൻ ഈ വിവരം സ്റ്റേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. ഫോൺ രാമന്തളി സ്വദേശിയുടേതാണെന്ന് വിവരം ലഭിച്ചു. അടുത്ത ദിവസം ഫോൺ എടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു ആഴ്ച കഴിഞ്ഞാണ് അദ്ദേഹം എത്തിയത്.
തുടർന്ന് ഡെസ്ക് ഡ്രോയറിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഫോൺ കാണാതായതായി കണ്ടെത്തി. ഉടൻ തന്നെ, ആരെങ്കിലും ഫോൺ എടുത്തിട്ടുണ്ടെങ്കിൽ അത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു പൊലീസുകാരന് പോലീസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചു. ഈ സന്ദേശത്തിലൂടെയാണ് ഫോൺ മോഷ്ടിക്കപ്പെട്ടതായി എസ്ഐ അറിഞ്ഞത്.
സൈബർ സെല്ലിന്റെ സഹായത്തോടെ ഉടൻ അന്വേഷണം നടത്തിയപ്പോൾ ബദിയടുക്ക സ്വദേശിയായ ഒരാൾ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തി. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് ഫോൺ വിറ്റതായി അയാൾ പറഞ്ഞു.
അന്വേഷണത്തിനിടെ, മോഷ്ടാവ് ഗാർഡ് ഡ്യൂട്ടിയിലായിരുന്ന ബൈജുവാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഫോൺ എടുക്കുന്നതും അതിൽ നിന്ന് സിം കാർഡ് നീക്കം ചെയ്യുന്നതും പതിഞ്ഞിരുന്നു. എസ്ഐ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ ബൈജുവിനെതിരെ മോഷണക്കുറ്റം രജിസ്റ്റർ ചെയ്തു. നേരത്തെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ത്രീ സുളൃത്തിനെ പീഡിപ്പിച്ച കേസിലും ഇതേ പൊലീസുകാരന് ജെയിലില്‍ കഴിഞ്ഞിരുന്നു. സസ്പെന്ഷന് കാലാവധി കഴിഞ്ഞാണ് ചന്തേര സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് കയറിയത്.
